ഡാളസ്: സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് ഷാംബെരി സന്യാസിനി സമൂഹത്തിലെ നാഗ്പുർ പ്രോവിൻസിലെ അംഗമായ സിസ്റ്റർ ജസ്റ്റിന മാത്യു സിഎസ്ജെ സേവന മികവിന്റെ പരമോന്നത അംഗീകാരമായ എൻകാപ്പ് 2026 (നഴ്സിംഗ് കരിയർ അഡ്വവാൻസ്മെന്റ് പ്രോഗ്രാം) ലെവൽ6 നേടുന്ന ആദ്യ നഴ്സ് ആകാൻ സാധിച്ചു.
ഇന്ത്യൻ സന്യാസിനിയുടെ അഭിമാന നേട്ടം, വിശ്വാസത്തിനും കരുണാപൂർണമായ സേവനത്തിനും നഴ്സിംഗ് മികവിനും സമർപ്പിതമായ ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്.
2007ൽ നഴ്സിംഗ് സേവനം ആരംഭിച്ചതു മുതൽ അമ്മമാരുടേയും നവജാത ശിശുക്കളുടേയും കുടുംബങ്ങളുടേയും സമഗ്ര പരിചരണത്തിനായി അവർ ആന്മാർഥമായി പ്രവർത്തിച്ചു വരുന്നു.
നഴ്സിംഗ് രംഗത്തെ തുടർച്ചയായ പഠനത്തിനും പ്രഫഷണൽ മികവിനും പ്രാധാന്യം നൽകിയ സിസ്റ്റർ ജസ്റ്റിന മാത്യു 2026ൽ മാസ്റ്റർ ഓഫ് സയൻസ് ഇൻ നഴ്സിംഗ് ബിരുദവും പീഡീയാട്രിക്ക് നേഴ്സ് പ്രാക്ടീഷണർ യോഗ്യതയും നേടി.
കൂടാതെ മെറേറർണൽ ന്യൂബോൺ നഴ്സിംഗ് സർട്ടിഫിക്കേഷനും ലാക്ടേഷൻ കൺസൾട്ടന്റ് സർട്ടിഫിക്കേഷനും കരസ്ഥമാക്കിയിട്ടുണ്ട്. എൻ കാപ്പ് കമ്മിറ്റി സഹാധ്യക്ഷയായി സേവനമനുഷ്ടിക്കുന്ന സിസ്റ്റർ ജസ്റ്റിന തന്റെ ജീവിത യാത്ര മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
സഹപ്രവർത്തകരായ നഴ്സുമാരെ പ്രഫഷണൽ സർട്ടിഫിക്കേഷനുകളിലേക്കും തൊഴിൽ മികവിലേക്കും പ്രചോദിപ്പിക്കുകയും മാർഗനിർദേശം നൽകുകയും ചെയ്യുന്നു. തന്റെ നേട്ടങ്ങൾ ദൈവകൃപയ്ക്കും സഭയ്ക്കും സഹപ്രവർത്തകർക്കുമാണ് അവർ സമർപ്പിക്കുന്നത്.
സിസ്റ്ററിന്റെ ജീവിതത്തെ നയിക്കുന്ന വചനമാണ് ഫിലിപ്പിയർ 4:13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കു സാധിക്കും ദൈവം നൽകിയ കഴിവുകളെ തിരിച്ചറിയാനും കരുണയോടും സമർപ്പണത്തോടും മികവോടു കൂടി മറ്റുള്ളവരെ സേവിക്കാനും സിസ്റ്റർ ജസ്റ്റിന ഒരു മാതൃകയായി നിലകൊള്ളുന്നു.